കുണ്ടറയിൽ 10 വയസുകാരിയുടെ ആത്മഹത്യ; ക്രൂരപീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്
കൊല്ലം ∙ വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്തതിനു സമാനമായ സംഭവം കൊല്ലത്തിനടുത്ത് കുണ്ടറയിലും. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പത്തുവയസുകാരി നിരന്തരം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും പൊലീസ് കാര്യമായ നടപടിയെടുത്തിട്ടില്ല. സ്വകാര്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊലപാതക സാധ്യത പോലും സംശയിക്കുന്ന കേസിലാണ് പൊലീസിന്റെ ഈ ഗുരുതരമായ അനാസ്ഥ.
ജനുവരി പതിനഞ്ചിനാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ജനുവരി 16ന് തന്നെ കൊല്ലം റൂറൽ എസ്പിക്കും കുണ്ടറ സിഐയ്ക്കും ലഭിച്ചിട്ടും അന്വേഷണം നടത്തുകയോ പ്രതിയെ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. മകൾ ആത്മഹത്യ ചെയ്തതല്ലെന്ന് പറഞ്ഞ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയിട്ടും പൊലീസ് അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കുടുംബപ്രശ്മാണ് ആത്മഹത്യക്ക് കാരണമെന്ന് കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്ന് കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരുന്നു. എന്നാൽ ആത്മഹത്യാകുറിപ്പ് കുട്ടിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കേസിന്റെ സ്ഥിതിയറിയാൻ കുണ്ടറ സിഐ: ആർ.സാബുവിനെ സമീപിച്ചെങ്കിലും സമയമാകുമ്പോൾ പ്രതിയെ പിടിക്കുമെന്നായിരുന്നു പ്രതികരണം. അന്വേഷണത്തിന് അതിന്റേതായ രീതിയുണ്ടന്നും കുടുംബത്തെ ചോദ്യം ചെയ്യാൻ പ്രശ്നങ്ങളുണ്ടെന്നുമുള്ള മറുപടിയാണ് സിഐ നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ തൂലികയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.